Monday, February 20, 2012

പ്രതിബിംബം


എനിക്കത്രമേൽ പ്രിയപ്പെട്ട ആ കണ്ണാടി പൊട്ടിച്ചിതറിയത്‌ എന്റെ മുന്നിൽ വച്ചാണ്‌.ഒരു നിമിഷത്തേക്ക്‌ എന്തുവേണമെന്നറിയാതെ പകച്ചു നിന്നു.പിന്നീട്‌ ശരീരത്തിൽ തുളച്ചിറങ്ങിയ ചീളുകൾ വലിച്ചൂരിയെറിഞ്ഞ്‌ വാതിലാഞ്ഞടച്ച്‌ മുറിവിട്ടിറങ്ങി.അതിൽപ്പിന്നെയാണു ഞാൻ കണ്ണാടി നോക്കാതായത്‌.
രാത്രി പകലായതും പകലിരുട്ടി രാത്രിയായതുമൊന്നും ഞാനറിഞ്ഞില്ല.ഋതുക്കൾ മാറി വന്നു,പക്ഷേ വസന്തം മാത്രം പടിക്കൽ ഭിക്ഷാംദേഹിയായ്‌ കാത്തുനിന്നു.വിളിച്ചൂട്ടണമെന്നു തോന്നിയില്ല,ആട്ടിപ്പായിക്കണമെന്നും.
വർഷങ്ങൾക്കുശേഷം സന്ധ്യാനേരത്തൊരു ഉൾവിളി.തട്ടിമാറ്റുന്തോറും അവ കരുത്താർജിക്കുന്നതായ്‌ തോന്നി.പണ്ടെന്നോ പിന്നിലുപേക്ഷിച്ച പാതയിലൂടെ വീണ്ടുംചെന്നാ മുറി തുറന്നു.അതിശയമെന്നു പറയട്ടെ അന്നത്തെ മുറിപ്പാടുകളിൽ നിന്നു വീണ്ടും രക്തം കിനിഞ്ഞിറങ്ങുന്നു.ചിതറിത്തെറിച്ച ചീളുകളെല്ലാം ഞാൻ വാരിക്കൂട്ടി വീണ്ടും യോജിപ്പിച്ചു.പഴയ മുറിവിലൂടെ വന്ന പുതിയ രക്തകണങ്ങൾ കണ്ണുകൾ പെയ്യിച്ച മഴയിൽ ഒലിച്ചില്ലാതായ്‌.
വളരെനേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ ഞാനവ കൂട്ടിച്ചേർക്കുക തന്നെ ചെയ്തു.പുഞ്ചിരിയോടെ വീണ്ടും ഞാനാദ്യമായ്‌ അവയിൽ മിഴിനട്ടു.
ഞാൻ കണ്ടതത്രയും പല കഷ്ണങ്ങളായ്‌ മുറിഞ്ഞ എന്നെ മാത്രം.കൂട്ടിയോജിപ്പിച്ചതിന്റെ ഒരടയാളമ്പോലും കണ്ണാടിയിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും അവ എന്നെ പഴയതുപോലെ പ്രതിഫലിപ്പിച്ചില്ല.
കുറ്റം എന്റെയൊ അതോ കണ്ണാടിയുടെയോ?
ഒരുത്തരത്തിനു പ്രസക്തിയുണ്ടെന്നു തോന്നിയില്ല.
ഒരു കറുത്ത തുണിയാൽ അതിനൊരു ശവക്കച്ച തുന്നിച്ചിട്ടു.പതിയെ വാതിൽചാരി പുറത്തിറങ്ങി.
എന്തൊ പൊട്ടിച്ചിരിക്കാനാണു തോന്നിയത്‌.ചിരിച്ചുചിരിച്ച്‌ ചിരി സഹിക്കാഞ്ഞാണ്‌ കണ്ണുനിറഞ്ഞതും താഴേക്കൂർന്നിരുന്നതും.അതുപിന്നെയൊരു പൊട്ടിക്കരച്ചിലിലേക്കു വഴിമാറിയതെപ്പോഴെന്നുമാത്രം എന്നോട്‌ ചോദിക്കരുത്‌.സത്യം,എനിക്കതറിഞ്ഞുകൂട.